ഫിലിം ഫെസ്റ്റിൽ ക്യൂ നിന്ന് കാണാൻ കഴിയാഞ്ഞ ലിജോയുടെ നൻപകൽ നേരത്ത് മയക്കം ഇന്നലെ തിയേറ്ററിൽ കണ്ടു.
ലിജോയുടെ മുൻ പടങ്ങൾ പോലെ, പരിചിതമല്ലാത്ത മറ്റൊരു അനുഭവ ലോകമാണ് നൻപകലും.
ജീവിക്കാതെ പോയ മറ്റൊരു ജീവിതം എത് മനുഷ്യന്റെ ഉള്ളിലുമുണ്ടാകും. ജീവിതത്തിൽ വിരസതയും മടുപ്പും വിരക്തിയും നിറയുമ്പോഴുള്ള സ്വപ്നാടനങ്ങൾ. ചിലത് കിനാക്കളിൽ. അത് രൂപാന്തരമായി ജീവിതം തന്നെ മാറ്റിമറിക്കുമ്പോൾ അയാൾക്ക് പുറത്തുള്ള ലോകത്തിന് അത് മനസ്സിലാവാതെ വരുന്നു. തങ്ങൾക്ക് പിടി തരാത്ത മനുഷ്യരെ ഒറ്റ വാക്കിലേക്ക് മറ്റുള്ളവർ ഒതുക്കും, ഭ്രാന്ത്.
മയക്കമാ... കലക്കമാ
മനത്തിലെ കുഴപ്പമാ
വാഴ്കയിൽ നടുക്കമാ.......
ഈ ആശയക്കുഴപ്പം സിനിമയിലുടനീളം പ്രേക്ഷകനെ അനുഭവിപ്പിക്കുന്നുണ്ട് ലിജോ. ഉറക്കം മൃത്യു പോലെയാണ്, ഉണർവോ ജനനവും - തിരുക്കുറലിന്റെ വരികളിൽ നിന്നു തുടങ്ങുന്ന നൻപകലിൽ ഉടനീളം പഴയ തമിഴ് പാട്ടുകളും സിനിമകളും പശ്ചാത്തല ദൃശ്യമായി വരുന്നുണ്ട്.
ആദിമധ്യാന്ത പൊരുത്തമുള്ള കഥ തേടി തിയേറ്ററിലെത്തുന്ന സാമ്പ്രദായിക കാണികളെ ലിജോയുടെ ഈ സിനിമ പേടിപ്പിക്കും. എന്നാൽ ജീവിതത്തിലില്ലാത്ത താളലയം സിനിമയിൽ എന്തിനെന്ന ചോദ്യം പ്രേക്ഷകനിൽ ബാക്കിയാവും. സംഘത്തിന് അരങ്ങും നാടകവും പിണഞ്ഞു കിടക്കുന്നുണ്ട്.
തമിഴ് അത്ര വശമില്ലാത്ത പ്രേക്ഷകർക്ക് ഇതിലെ സംഭാഷണങ്ങൾ വഴങ്ങില്ലെന്നത് ഒരു പോരായ്മ തന്നെയാണ്. സബ് ടൈറ്റിലുകൾ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ.