"നിങ്ങളുണ്ടാക്കിയ എല്ലാ അതിർവരമ്പുകളും കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങളും വിദ്വേഷത്തിൻ്റെയും വെറുപ്പിൻ്റെയും വെടിമരുന്നുകളും ആർത്തലച്ചു വരുന്ന പ്രളയത്തിനു മുമ്പിൽ ഒലിച്ചു പോകും.... ജീവനു വേണ്ടി കേഴുന്നവർക്കു മുമ്പിൽ കരുണയുടെ വൈക്കോൽത്തുമ്പ് ആവാൻ മനസു കൊണ്ടെങ്കിലും ആഗ്രഹിച്ചാൽ അതായിരിക്കും ഈ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ പ്രാർത്ഥന... "
"2018 "ഇതാണ് കേരളത്തിൻ്റെ കഥ.
ഒരു നാട് മുഴുവൻ ഒറ്റ ഹൃദയമായി നിന്ന് പ്രളയ ദിനങ്ങളെ അതിജീവിച്ച ഉൾക്കരുത്തിൻ്റെ, കരുണയുടെ കഥ.
ജൂഡ് ആൻ്റണി എന്ന പ്രതിഭാശാലിയായ സംവിധായകൻ്റെ കൈയൊതുക്കമുള്ള മികച്ച സിനിമ. മഴയുടെ ചടുലതാളങ്ങളിൽ വെറുങ്ങലിച്ച മണിക്കൂറുകളെ അതേ തീവ്രതയിൽ അവതരിപ്പിക്കുന്ന മാസ്മരികത....
അഭിനേതാക്കളും കേന്ദ്ര കഥാപാത്രമായ മഴയും പ്രളയവും ഒക്കെ വല്ലാത്ത അവസ്ഥയിലൂടെ സഞ്ചരിപ്പിക്കുന്നു.
കടലിൻ്റെ മക്കൾ പ്രളയത്തിൽ നാടിൻ്റെ രക്ഷകരാവുന്ന കാഴ്ച്ചയെ ഏറെ മിഴിവോടെ സിനിമ ഒപ്പിയെടുക്കുന്നു.
2018 എല്ലാവരും കാണണം..
മനുഷ്യർ അതിർവരമ്പുകളില്ലാതെ ഒന്നായിച്ചേരുന്ന സ്നേഹത്തിൻ്റെ കഥയാണ് 2018.
ഹൃദയാശംസകൾ ടീം.. 2018
ബൈജു.സി.പി