65 ഓളം പുതുമുഖങ്ങൾ അഭിനയിച്ച "പതിനെട്ടാം പടി " എന്ന ചിത്രം കണ്ടു. ഒരു റോക്കറ്റ് ഹൃദയത്തിലൂടെ കടന്നുപോകുന്നതു പോലെ കഥയും, കഥാപാത്രങ്ങളും എന്നിലൂടെ ദ്രുതഗതിയിൽ കടന്നു പോയി. എന്നെയേറെ ആകർഷിച്ചത്.... കെച്ച കെംപക്ഡേയും, സുപ്രീം സുന്ദറും ചേർന്നൊരുക്കിയ ആക്ഷൻ കൊറിയോഗ്രാഫിയും..... നായികയായ അഹാനയുടെ കാമുകനായി അഭിനയിച്ച നടന്റെ... മൗനം മറക്കുടയേന്തിയ അതിഭാവുകത്വമില്ലാത്ത അഭിനയവും ആണ്. " സ്ക്കൂൾ ഓഫ് ജോയ് " എന്ന സമാന്തര വിദ്യാഭ്യാസ രീതി തുടരുന്ന പ്രിഥ്വിരാജിന്റെ അദ്ധ്യാപകനിലൂടെ പുരോഗമിക്കുന്ന ചിത്രം നഗരത്തിലെ മോഡൽ സ്ക്കൂളിലെ കുട്ടികളും, ഇന്റർനാഷണൽ സ്ക്കൂളിലെ കുട്ടികളും തമ്മിലുള്ള പകയും, പ്രതികാരവും, പ്രശ്നങ്ങളും ഇതിവൃത്തമാകുന്നു. ഡയലോഗുകൾ വളരെയേറെ മടുപ്പ് അനുഭവപ്പെടുത്തി.സുദീപ് ഇളമണ്ണിന്റെ ഛായാഗ്രഹണം ചിത്രത്തിന് ഏറെ മിഴിവേകി. ശങ്കർ രാമകൃഷ്ണന്റെ സംവിധാനവും... ഹൃദ്യമായി. "അയ്യപ്പ "നായെത്തിയ 'അക്ഷയ് രാധാകൃഷ്ണ'നും, "അശ്വിനാ "യെത്തിയ 'അശ്വിൻ ഗോപിനാഥും ' അവരവരുടെ കഥാപാത്രങ്ങൾ ഭദ്രമാക്കി."ജോൺ എബ്രഹാം പാലയ്ക്ക"ലായെത്തിയ മമ്മൂക്കയുടെ കഥാപാത്രം വിദ്യാഭ്യാസത്തിന് പുതിയൊരു ഭാഷ്യം നല്കി. ബാഹുബലിയ്ക്ക് ആക്ഷനൊരുക്കിയ "കെച്ച കംബക്ഡി"യുടെ ആക്ഷൻ ചടുലമായ ഇന്ദ്രജാലം സൃഷ്ടിച്ചു.വ്യവസായം എന്ന ഉദ്ദേശത്താൽ കൂർമ്മ ബുദ്ധിയാൽ " പതിനെട്ടാം പടി " എന്ന പേരിട്ട ചിത്രത്തിൽ നായകൻ ശബരിമലയ്ക്കു പോകുന്നു എന്നതല്ലാതെ ശബരിമലയും, അയ്യപ്പസ്വാമിയുമായി യാതൊരു ബന്ധവും ഇല്ല എന്നതും ചിന്ത്യം - പ്രിയാ ഷൈൻ