ഫഹദ് ഫാസിൽ നായകനായി അമൽ നീരദ് സംവിധാനം ചെയ്ത ട്രാൻസ് ആവറേജ് നിലവാരം പോലും പുലർത്തിയില്ല. സാമൂഹിക പ്രസക്തിയുള്ള കഥയൊക്കെത്തന്നെയാണ്. പക്ഷേ, അര മണിക്കൂർ കൊണ്ട് പറഞ്ഞവസാനിക്കേണ്ട സിനിമ രണ്ടര മണിക്കൂർ പറഞ്ഞു വലിച്ചു നീട്ടി പ്രേക്ഷകനെ ആവശ്യത്തിൽ കൂടുതൽ ബോറടിപ്പിക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലിന്റെ നല്ല അഭിനയ സാധ്യത ഉള്ള സിനിമ എന്ന അഭിപ്രായം കേട്ട് കയറുന്നവർക്ക് നിരാശയാണ് ഫലം. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ.പ്രേക്ഷകന് ചിലപ്പോൾ ശാലോം ടിവി കാണുന്ന ഒരു പ്രതീതിയാണ് ഉണ്ടാകുന്നത്. ആവർത്തന വിരസമായ ഇന്റർവ്യൂ, സ്റ്റേജ് ആത്മീയതകൊണ്ട് കുത്തിനിറക്കപ്പെട്ട ഒരു സിനിമ. ഇന്റർവല്ലിന് മുൻപും പിമ്പും എന്നു പറയാൻ ഈ പടം കൊണ്ട് സാധ്യമല്ല. ആകെ രണ്ടു സസ്പെൻസ് ആണുള്ളത്. ഒന്നാമത്തേത് എപ്പോൾ ആയിരിക്കും ഇന്റർവെൽ എന്നതും രണ്ടാമത്തേത് പടം എപ്പോൾ കഴിയും എന്നതും! കാശും സമയവും മുടക്കി തീയേറ്ററിൽ കയറുന്ന പ്രേക്ഷനെ രസിപ്പിക്കുന്നതൊന്നും ചിത്രത്തിൽ ഇല്ല. ജോജു ജോർജ്ജ്, സൗബിൻ, നസ്രിയ, ചെമ്പൻ വിനോദ് ഇവരൊക്കെ എന്തിനായിരുന്നു? വളരെ കുറച്ചു രംഗങ്ങളിൽ ഒഴികെ ഫഹദിനും ഒന്നും ചെയ്യാനില്ലായിരുന്നു. ഒരു പാസ്റ്ററുടെ കുറേ അലർച്ച..അതുമാത്രമാണ് ട്രാൻസ്. തിരക്കഥയിൽ വലിയ കഴമ്പില്ല. ഇടയ്ക്കുള്ള കാതടപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് വല്ലാത്ത അലോസരം ഉണ്ടാക്കുന്നുണ്ട്.