ഉന്നതമായ കലാമൂല്യവും സാഹിത്യ മേൻമയും അവകാശപ്പെടാൻ കഴിയുന്ന ഈ ചിത്രം ബ്ലാക് ആന്റ് വൈറ്റ് ആയതു കൊണ്ടാണോ എന്നറിയില്ല ഇന്ന് വേണ്ടത്ര സ്മരിക്കപ്പെടുന്നില്ല. യാഥാർത്ഥ്യബോധത്തിലധിഷ്ഠിതമായ പാത്രസൃഷ്ടിയും ജീവിതഗന്ധിയായ കഥാതന്തുവും കൊണ്ട് കാലത്തെ അതിക്രമിച്ച ഒരുത്തമ കലാസൃഷ്ടി. ഒരു യഥാർത്ഥ ക്ലാസ്സിക്ക് എന്നു തന്നെ പറയണം. സ്ത്രീ കഥാപാത്രങ്ങളുടെ അമിതാഭിനയം ഒരു പോരായ്മയായി വേണമെങ്കിൽ പറയാം. ഏതാനും മനോഹര ഗാനങ്ങളുമുണ്ട്. അവ കഥാസന്ദർഭങ്ങൾക്ക് അത്ര അത്യാവശ്യമുള്ളവയാണോ എന്നു ഇന്നു നമ്മൾക്കു സംശയംതോന്നാം. ഐതിഹാസികം എന്നു വിശേഷിപ്പിക്കാനാവുന്ന കഥാ ഘടനയും സംഭാഷണങ്ങളും ആണ് ഈ ചിത്രത്തിന്റെ മുഖ്യ ആകർഷണം. മനുഷ്യജീവിതത്തിന്റെ ആൽമീയ ദാർശനിക തലങ്ങളിലെ ആഴങ്ങളിലേക്ക് ചില മിന്നലുകൾ, ഇതു പ്രസരിപ്പിക്കുന്നുണ്ട്. ഒരു മികച്ച ക്ലാസ്സിക്കിന്റെ ലക്ഷണമാണത്.മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്. താരതമ്യം ചെയ്യുകയാണെങ്കിൽ സാങ്കേതികമായി 'ചെമ്മീൻ 'നു പിന്നിൽ ആണെങ്കിലും, കലാപരമായും ആശയപരമായും ചെമ്മീനേക്കാൾ മുന്നിലാണ് ഈ ചിത്രം എന്നു പറയണം..