കാണെക്കാണെ - വിവാഹിതയായ മകൾ അപകടത്തിൽ മരണമടഞ്ഞുവെന്നുളളത് ഉൾക്കൊള്ളുവാൻ ആകാതെ ജീവിക്കുന്ന ഒരു പിതാവിന്റെ മനോവ്യാപാരങ്ങളുടേയും അന്വേഷണങ്ങളുടേയും കഥ. അദ്ദേഹം ആശങ്കകൾക്കും സംശയങ്ങൾക്കും ഉത്തരം കണ്ടെത്തുമ്പോഴും തന്നോട് ചേർന്ന് നിൽക്കേണ്ടവരുടെ ശിക്ഷയ്ക്ക് അർത്ഥമുണ്ടെന്ന് ഉറപ്പിച്ചിട്ടും , ശിക്ഷിക്കപെടേണ്ടവരുടെയടക്കം ജീവിതം ലളിതവും സുന്ദരവും ആക്കാമെന്ന് തീരുമാനിക്കുന്നു. പിതൃ സ്നേഹത്തിന്റെ വ്യാപ്തി, കടമ, തെറ്റ് പറ്റിയ ജീവിതവും പ്രധാനമെന്ന വിശ്വാസം, പരിണിത ഫലം ആലോചിക്കാതെയെടുക്കുന്ന തികച്ചും വ്യക്തിപരമായ തീരുമാനങ്ങളുടെ യുക്തി, തിരിച്ചറിവിന്റെ വഴികൾ - ഈ സിനിമ ചർച്ച ചെയ്യുന്നു.
അഭിനയത്തിന്റെ ഉദാത്ത തലങ്ങൾ സുരാജ് വെഞ്ഞാറമൂടിലൂടെ അനുഭവിക്കാം. പലപ്പോഴും സിനിമയുടെ മറ്റെല്ലാ ഘടകങ്ങളും അപ്രസക്തമാക്കുന്ന സുരാജിന്റെ പ്രതിഭയ്ക്ക് പൂച്ചെണ്ടുകൾ. മലയാളത്തിന് ലോക സിനിമയ്ക്ക് നൽകുവാൻ ധാരാളം അഭിനയ പ്രതിഭകളുണ്ടെന്ന് വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു. ഐശ്വര്യ ലക്ഷ്മിയുടേയും ടോവിനോ തോമസിന്റേയും അഭിനയ മികവ് ഉപയോഗപ്പെടുത്തിയ ചിത്രം.
ഒരു ത്രില്ലർ അനുഭവം കൂടി നല്കുന്ന ഈ സിനിമ നമ്മുടെ ജീവിതവും ബന്ധങ്ങളും കുറേക്കൂടി സുന്ദരമാക്കാൻ സഹായിക്കും. സംവിധായകൻ മനു അശോകനും തിരക്കഥാകൃത്തുക്കൾ ബോബി-സഞ്ജയ് കൂട്ടുകെട്ടിനും നന്ദി. നല്ലൊരു ടീമിന്റെ പ്രവർത്തനത്തിന്റെ അഭിമാന സാക്ഷാത്കാരം. SonyLIV ൽ സിനിമ ലഭ്യമാണ്.