സൈജു എസ് എസ് സംവിധാനം ചെയ്ത ഇര കണ്ടു. നിവിൻ ജോൺ എന്ന എഴുത്തുകാരൻ കെട്ടുറപ്പുള്ള കഥ പറയുന്നു. അതുകൊണ്ടു തന്നെ സംവിധായകന് ആളുകളെ മുഷിപ്പിക്കാതെ ഫ്രെയിമുകൾ ഒരുക്കാൻ കഴിഞ്ഞു. സുധീർ സുരേന്ദ്രൻ തൻ്റെ ക്യാമറ കൊണ്ട് അത്ഭുതങ്ങൾ കാണിച്ചു. സമകാലിക രാഷ്ട്രീയത്തിലെ നെറികേടുകളൂം ആളുകളിൽ അതുണ്ടാക്കുന്ന വെറുപ്പും നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലർ എന്ന നിലയിൽ അത്ര മോശമല്ലാത്ത സിനിമ.
കാലത്തു ബുക്ക് മൈ ഷോ തുറന്നു ടിക്കറ്റ് എടുക്കാൻ നോക്കിയപ്പോൾ നോയിഡ ലോജിക്സിൽ ഒന്നേ അഞ്ചിന് ഉണ്ടെന്നു കണ്ടതാണ്. പക്ഷെ പത്തു മിനിട്ടു കഴിഞ്ഞ് നോക്കിയപ്പോൾ നോയിഡ ലോജിക്സിൽ ഒന്നേ അഞ്ചിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നില്ല! നല്ല തമാശ തോന്നി. അതുകൊണ്ടു തന്നെ കാര്യം അറിയാൻ നോയിഡ ലോജിക്സിൽ നേരിട്ടു പോയി. കൗണ്ടറിൽ നിന്ന് ടിക്കെറ്റ് എടുത്തു. സിനിമ തുടങ്ങിയപ്പോൾ ആകെ ആറു പേർ മാത്രം! എന്തോ പന്തികേട് തോന്നുന്നു!
ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും മത്സരിച്ചു അഭിനയിച്ചിട്ടുണ്ട്. അവസാന സീനുകളിലെവിടെയൊക്കെയോ സുരേഷ് ഗോപിയുടെ ഭാവങ്ങൾ ഗോകുലിൽ കാണുകയുണ്ടായി. അതൊരു കുഴപ്പമൊന്നുമില്ല. മിയയും നിരഞ്ജനയും ലെനയും നീരജയും മറീനയും അലന്സിയരും ശങ്കർ രാമകൃഷ്ണനും പാഷാണം ഷാജിയും എല്ലാം അവരവരുടെ കഥാപാത്രങ്ങളെ നന്നാക്കിയിട്ടുണ്ട്. പക്ഷെ പാഷാണം ഷാജി അവസാന രംഗങ്ങളിൽ നിന്ന് എന്തുകൊണ്ടാണ് ഒഴിവാക്കപ്പെട്ടതു എന്ന് മനസ്സിലായില്ല!
ഗോപിയുടെ സംഗീതവും ജോൺ കുട്ടിയുടെ എഡിറ്റിങ്ങും കഥയെ നേർവഴിക്കു തന്നെയാണ് നയിച്ചത്!