പാറിപ്പറന്നു നടക്കുന്ന ഒരു ചാർലി മോഡ് ചെറുപ്പക്കാരൻ.അവനെ ചുറ്റിപ്പറ്റിയുള്ള ഒരു cliche പ്രണയകഥ ആവും എന്ന് കരുതിയാണ് പോയത്..
പക്ഷേ ഇത്, ഏറെക്കുറെ ഒതുങ്ങി ജീവിക്കുന്ന, സിനിമയിൽ പറയുന്ന പോലെ തന്നെ 'സൂപ്പർ മാൻ' ഒന്നുമല്ലാത്ത ലൂക്ക എന്ന ഒരു ചിത്രകാരന്റെ, കലാകാരന്റെ അസാധാരണത്വം ഒന്നുമില്ലാത്ത കഥയാണ്.എന്നാൽ അമാനുഷികത ഉള്ളത് അയാളുടെ കഴിവുകൾക്കാണ്. അയാളെന്ന artist ഒരു സാധാരണക്കാരനല്ല എന്നുറപ്പിച്ചു പറയാം.പുറമെ ഉള്ളതല്ല, ഉള്ളു കണ്ടറിഞ്ഞു വരയ്ക്കുന്ന അയാളുടെ ചിത്രങ്ങൾക്ക് പറയാൻ അനവധി ഉണ്ട്.അയാൾ തന്റെ ക്യാൻവാസിൽ വരയ്ക്കുന്ന മനോഹരമായ ഒരു ചിത്രം പോലെയുണ്ട് ഈ സിനിമ.പ്രണയവും വിരഹവും സ്വപ്നവും വേദനയും ഒക്കെ നിറം ചേർത്ത ഒന്ന്.
അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന നിഹ എന്ന നിഹാരിക ലൂക്കയുടെ നേർ വിപരീതമാണ്.'അടുക്കും ചിട്ടയുമുള്ള', ജീവിതം തുറന്ന് കാണിക്കാത്ത നിഹ പെട്ടെന്ന് ചൂടാവുന്ന, അലമ്പ് കാണിച്ചു നടക്കുന്ന, കിറുക്കനായ ലൂക്കയോട് ചേരുമ്പോൾ കഥ മാറുന്നുണ്ട്.അവർക്കിടയിൽ മുളപൊട്ടുന്ന പ്രണയത്തിന് പതിവ് റൊമാൻസിനേക്കാൾ മധുരം തോന്നുന്നത് ഒരുപക്ഷേ അവരുടെ ഒട്ടും ചേരാത്ത സ്വഭാവങ്ങൾ കൊണ്ടാവണം.നിഹക്ക് വഴക്ക് കൂടാൻ മാത്രമല്ല, തണലാവുന്ന ഒരു സുഹൃത്തായി മാറാൻ ലൂക്കയ്ക്കും, ലൂക്കയുടെ insecurityകളെയും പേടികളെയും നികത്താൻ നിഹയ്ക്കും കഴിയുന്നുണ്ട്.
ഇടക്കൊക്കെ കരയിച്ചും, കുറച്ചേറെ ചിരിപ്പിച്ചും പിന്നെ ചിന്തിപ്പിച്ചും തന്നെയാണ് സിനിമ അവസാനിച്ചത്. എന്തു കൊണ്ടൊക്കെയോ 'ലൂക്ക' പെട്ടെന്നൊന്നും മനസിൽ നിന്ന് പോവാനിടയില്ല.
ഒട്ടനവധി spoilers വരാൻ ചാൻസുള്ളത് കൊണ്ട് വേറൊന്നും എഴുതുന്നില്ല.
(Spoilers ഇല്ലാതെ പെട്ടെന്ന് കാണുന്നതാവും നല്ലത്..)