പൃഥ്വിരാജ് നായകനായി തനു ബാലക് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് കോൾഡ് കേസ്. സിനിമയുടെ മൂലകഥയുടെ സമാന്തരമായി ഹൊറർ പശ്ചാത്തലവും ഇടപഴകി ഒരുക്കിയ തിരക്കഥ വേറിട്ടൊരു അനുഭവം തന്നെയാണ് നൽകുന്നത്.
ആമസോൺ പ്രൈംമിൽ ഇന്ന് സ്ട്രീം ചെയ്ത കോൾഡ് കേസ് പൃഥ്വിരാജിനെ കൂടാതെ അതിഥി ബാലൻ, അലൻസിയർ , ലക്ഷ്മി പ്രിയ, സുചിത്ര തുടങ്ങിയ അഭിനേതാക്കളും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
വേഗത കുറഞ്ഞ ആഖ്യാനത്തിൽ രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം ആദ്യാവസാനം ആസ്വദിച്ച് കാണാനുതകുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.
ഒരു കായലിൽ നിന്ന് കണ്ടെത്തുന്ന അജ്ഞാതമായ തലയോട്ടിയും അത് ആരുടേതാണെന്നുള്ള പ്രാഥമിക അന്വേഷണവുമാണ് സിനിമയുടെ ആദ്യപകുതി പറയുന്നത്, ഒരേസമയം നാച്ചുറലായും സൂപ്പർനാച്ചുറലായും കഥയെ ട്രീറ്റ് ചെയുന്ന കോൾഡ് കേസ് കണ്ടുപരിചയിച്ച സ്ഥിരം ഇൻവെസ്റ്റിഗേഷൻ വീണ്ടും ആവർത്തിക്കുന്നു എന്ന പോരായ്മയാണ് എടുത്തു പറയേണ്ടത്.
അഭിനേതാക്കളേക്കാൾ സിനിമയുടെ മേക്കിങ് ക്വാളിറ്റിയാണ് മികച്ചു നിൽക്കുന്നതും കയ്യടി നേടുന്നതും. ഒരുപക്ഷേ തിയേറ്റർ വാച്ച് അർഹിച്ച ചിത്രംകൂടിയാണ് കോൾഡ് കേസ്, സിനിമ കണ്ടു വിലയിരുത്തുക.