നിലപാടുതറയിലെത്തും മുമ്പേ നിലതെറ്റി വീഴുമെന്നറിയാമെങ്കിലും ഒരുനാൾ സാമൂതിരിയുടെ തലയെടുക്കാനാവുമെന്ന പ്രതീക്ഷയാണ് ഓരോ ചേകോന്റെയും കരുത്ത്. പൊരുതി മരിക്കുന്നതിൽ അഭിമാനം കണ്ടെത്തുന്ന വള്ളുവനാടൻ പ്രതീക്ഷകൾ മാമാങ്കത്തിനു കൊഴുപ്പേകുന്നു. ചതിവിന്റെയും നീതികേടിന്റെയും ചക്രവ്യൂഹത്തിലേക്ക് കുടിപ്പക തീർക്കാൻ ചേകോനെ പറഞ്ഞയക്കുന്ന കോലത്തിരിയുടെ നാട്ടഭിമാനത്തിന് പക്ഷേ നൊന്തുപെറ്റ നെഞ്ചിന്റെ വിങ്ങൽ കാണാനാവില്ല. പഴശ്ശിരാജയ്ക്കൊത്ത, ചന്തുവിനൊത്ത ശരീരഭാഷ്യം ചമയ്ക്കാൻ മമ്മൂട്ടിയുടെ ചന്ദ്രോത്തെ കുറുപ്പച്ചന് കഴിയുന്നില്ല. ഉണ്ണി മുകുന്ദന് വൈകാരിക സന്ദർഭങ്ങളെ ക്രിയേറ്റ് ചെയ്യാനുമാവുന്നില്ല. സിദ്ദിക്കിന്റെ നാടുവാഴിത്തമോ ചേകോനൊപ്പം പൊരുതാൻപോന്ന മെയ്യഴകോ കാഴ്ചക്കാരനിലെ വില്ലൻ സങ്കല്പത്തെ തൊട്ടുണർത്താനുമായിട്ടില്ല. നായിക അപ്രസക്തം. പക്ഷേ, ചന്തുണ്ണി... വള്ളുവനാടൻ കളരിയഴകിന്റെ ഗതകാല സ്മരണകളെ പയറ്റിപ്പൊലിപ്പിക്കുകയല്ലേ! അപരാജിതസാമൂതിരിക്കരുത്തിനു മേൽ വീറോടെ പൊരുതി, നിലപാടുതറയിൽ സാമൂതിരിയെ വാൾമുനത്തുമ്പിൽ നിർത്തുന്ന വീരബാല്യം! ഒടുവിൽ പിന്നിൽ നിന്നുമെത്തിയ ചതിവിന്റെ വാൾമുനയാൽ ചേതനയറ്റ് ചന്തുണ്ണി വീഴുമ്പോൾ കാഴ്ചക്കാരന്റെ നെഞ്ചൊന്നു പിടയും! ചരിത്രവും ഐതീഹ്യവും കെട്ടുകഥകളും കെട്ടുപിണഞ്ഞ മാമാങ്കത്തിന്റെ ഏടുകളിലേക്കൊരെത്തിനോട്ടത്തിന് ഈ സിനിമ കാണേണ്ടത് അനിവാര്യം. സാങ്കേതികത്വത്തിൽ ചില പോരായ്മകളുണ്ടെങ്കിലും കാഴ്ചവിരുന്നു തന്നെയാണ് 'മാമാങ്കം'.