കാമുകിയുടെ മുടിയഴിച്ചിടലിൽ മൂർച്ഛ നേടുകയും കൂടെയുള്ളവരെ ആക്രമിക്കുകയും ചെയ്യുന്ന ടീനേജ് നായകൻ, ഭാര്യയെ കോളേജിന്റെ മുന്നിൽ കൊണ്ടുപോയി മുടിയഴിപ്പിച്ച് സംതൃപ്തനായി വീട്ടിൽ പോവുന്ന "മുതിർന്ന" നായകൻ. കമ്പയിൻ സ്റ്റഡിയെ ഒരു വിപ്ലവമൂവ്മെന്റെന്ന് തോന്നിപ്പിച്ച് "പ്രതിജ്ഞ" പറഞ്ഞ്, പിന്നീടെല്ലാം നിരാകരിച്ച് ഫോട്ടോഗ്രഫിയിൽ അഭയം തേടി കുഞ്ഞിന് പേരിടലിൽ മാത്രം ഐക്യപ്പെടുന്ന നായകൻ.! വീണ്ടുമവിടെ സന്ദർശിച്ച് സാമ്പാർസാദം ചോദിച്ചുവാങ്ങാൻ നായകൻ മറക്കുന്നില്ല.!! പെൺമുടി, പെൺചരക്ക്, കിസ്സ്, കള്ള്, അക്രമം, സംഗീതം, ഫോട്ടോഗ്രഫി, ക്ലൈമാക്സ് ഓട്ടോഗ്രാഫ്.. തീർന്നു.. നായകജീവിതം മഹത്തരം.!!! അന്ധവിശ്വാസികളെ ഭക്തിയിൽ തളച്ചിടാൻ ഭക്തിഗാനങ്ങളെ ഉപയോഗിക്കുന്ന അതേ സൂത്രം ഈ സിനിമയും ഉപയോഗിച്ചിട്ടുണ്ട്. പഴയ മംഗളം വാരികയിലെ ക്ലീഷേകൾ മുഴുവനുമെടുത്തിട്ടുണ്ട്.
ആരുടെയെങ്കിലും വ്യക്തിജീവിതങ്ങൾ ചൂണ്ടിക്കാട്ടി ഏതെങ്കിലുമൊരു സാമൂഹ്യപ്രശ്നത്തെ ആകർഷകമായി അഭിസംബോധന ചെയ്യുന്നവയെ ഉത്തമകലയെന്ന് വിളിക്കാം. ആരുടെയെങ്കിലും വ്യക്തിജീവിതം ചൂണ്ടിക്കാട്ടി മനുഷ്യന്റെ മുടിയും കയ്യും കാലും വികാരങ്ങളുമായി മാത്രം ചുറ്റിത്തിരിയുകയും, ആകർഷിക്കാൻ നിറവും സംഗീതവും വാരിവിതറുകയും ചെയ്യുന്നവയെ പൈങ്കിളിയെന്നേ വിളിക്കാൻ പറ്റൂ. വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ മേദസ്സാണ് 'ഹൃദയം'