വികൃതി : ഹൃദയത്തിൽ തൊടുന്ന സിനിമ
വളരെ ചെറിയ ഒരു പ്രമേയം. തികച്ചും സ്വാഭാവികമായ അവതരണം. മൊബൈൽ ഫോണിന്റെ അമിതോപയോഗവും സോഷ്യൽ മീഡിയയിലെ വ്യക്തിഹത്യയും തേജോവധവും ട്രോളുകളും എല്ലാം കൂടിക്കലർന്നു കിടക്കുന്ന ദൈനദിനജീവിതത്തിന്റെ, സമകാലീനതയുടെ നേർക്കാഴ്ച. വൈകാരികപരമായി ഹൃദയത്തെ തൊട്ടുരുമുന്ന കഥാപാത്രങ്ങളും സന്ദർഭങ്ങളും. സ്ഥിരം വാർപ്പ് മാതൃക ദുരന്ത കഥാപാത്രങ്ങളെ അഭിനയിച്ചു മടുപ്പിക്കാൻ തുടങ്ങിയ സുരാജിന്റെ വേറിട്ട ഭാവഭേദങ്ങൾ. സ്വാഭാവികതയിലെ സ്വാഭാവികതയായ സൗബിന്റെ അഭിനയമികവ് എന്നിവകൊണ്ട് സമ്പന്നമായ വികൃതി തെറ്റുപറ്റുന്ന, എല്ലാം തികഞ്ഞെന്നു ധരിച്ചുവശായ ആഹ്ലാദവാനായ മനുഷ്യനുമേൽ നന്മകൊണ്ടും ക്ഷമകൊണ്ടും അപൂർണനെന്നു കരുതുന്ന മനുഷ്യൻ നീട്ടുന്ന ഹൃദയവിശാലതയുടെ ദയാവായ്പ്പാണ്. ഹൃദയത്തിൽ തൊടുന്ന, മനുഷ്യത്വമുള്ള,മനസ്സ് നിറക്കുന്ന ഒരു സിനിമ ചെയ്തു എന്നതിൽ ഇതിന്റെ അണിയറക്കാർക്ക് നെഞ്ചുവിരിച്ചു നിൽക്കാം.
പി രഘുനാഥ്