കുറച്ചധികം നാളുകൾക്കു ശേഷം ഒരു സെക്കൻഡ് പോലും ഫോർവേഡ് ചെയ്യാതെ ഞാൻ ഇന്നൊരു മലയാളം സിനിമ കണ്ടു. മഹത്തായ ഒരു കാവ്യം പോലെ മനോഹരമായ ഒരു ചിത്രം. 'സൂഫിയും സുജാതയും' തുടക്കം മുതൽ ഒടുക്കം വരെയും നിറഞ്ഞു തുളുമ്പുന്ന സംഗീതമാണ്. നിസ്വാർത്ഥമായ പ്രണയത്തിന്റെ, വിട്ടുകൊടുക്കലിന്റെ,മരണത്തിലും കുടെയുണ്ടാകുമെന്നുറപ്പുള്ള പ്രാർത്ഥനകളുടെ, അനന്തമായ കാത്തിരിപ്പിന്റെ ഒടുങ്ങാത്ത സംഗീതം.
"വരൂ, ഞാനാകുന്നു നിന്റെ മോക്ഷവും മുക്തിയും ".
'സൂഫിയും സുജാതയും' പ്രണയത്തേക്കാളേറെ കാത്തിരിപ്പിന്റെ കഥയാണ്. സൂഫിയുടേത് മാത്രമായി സുജാത അലിഞ്ഞുചേരും എന്ന കാത്തിരിപ്പ്, സൂഫിയുടേത് പോലെ പെരുവിരലിൽ നിന്ന് സുജാത ചുവടുവയ്ക്കും എന്ന കാത്തിരിപ്പ്, ഞാവലിലെ ഓരോ കായ് പഴുത്തു വീഴുമ്പോഴും സുജാത 'സുഫി' എന്നോ 'ജിന്ന്' എന്നോ 'അൽഹംദുലില്ലാഹ് ' എന്നോ മൊഴിയുമെന്ന അടങ്ങാത്ത കാത്തിരിപ്പ്.
എത്ര തന്മയത്വത്തോടെയാണ് കൊച്ചുകൊച്ചു കാര്യങ്ങൾ വരെ കൈകാര്യം ചെയ്തിരിക്കുന്നത്. സുഫി പോയതിനപ്പുറം എന്നും മായാതെ സുജാതയുടെ കയ്യിലുള്ള മൈലാഞ്ചി ചുവപ്പും നെറ്റിയിൽ നിന്ന് മാഞ്ഞു പോയ കുഞ്ഞ് പൊട്ടുമടക്കം എല്ലാം .
Lag ആണെന്ന് ചിലർ പറഞ്ഞു കേട്ടു. കവിതകളെ, പ്രണയത്തെ ഇഷ്ടപ്പെടുന്നവർക്ക് ഒരു lagഉം ഉണ്ടാവില്ല. ഈ സിനിമ ഇങ്ങനെ തന്നെയാണ് ആകേണ്ടിയിരുന്നത്. ഒന്നും കൂടാതെ, ഒന്നും കുറയാതെ, ഇങ്ങനെ തന്നെ !
"ഉറങ്ങണം, നന്നായി ഉറങ്ങണം. സ്വപ്നങ്ങൾ കാണണം. സ്വപ്നത്തിൽ മതമില്ല, ജാതിയില്ല, തീണ്ടലും അയിത്തവുമില്ല. ജിന്നുമില്ല !"
❣️