സ്കൂൾ യൂണിഫോമിനെ അനുസ്മരിപ്പിക്കുന്ന വെള്ളയും വെള്ളയും ചുവന്ന ടൈയും.ക്ലീൻ ഷേവും മൂന്നുനേരം ഡെറ്റോളിൽ കുളിയും.രഞ്ജിനിയോടും അവളുടെ സ്നേഹത്തോടും പൊരുത്തക്കേടുകളുടെ പൊരുത്തമുള്ള ബാങ്ക് മാനേജരായ സിദ്ധാർത്ഥൻ. ബാല്യത്തിന്റെയും കൗമാരത്തിന്റെ പ്രണയത്തിന്റെയും തകർന്ന ഭൂതകാലമുള്ള, ഭാര്യയെയും സുഹൃത്തിനെയും എന്തിനേറെ തൂവാലയെ വരെ സംശയമുള്ള മനോരോഗി.. ഒരു വ്യാമോഹവലയത്തിൽ രഞ്ജിനിയെ മറന്ന് വിമലയിൽ കറങ്ങിനടക്കുന്നയാൾ...ഷോക്കടിക്കുമ്പോൾ പൊട്ടിച്ചിതറുന്ന തലച്ചോറിലെ ഓരോ കണികയിലും രഞ്ജിനിയോടുള്ളയിഷ്ടം വഹിക്കുന്നയാൾ..വിമലയിലൂടെ മരിയാനയിലൂടെ അയാളെ കബളിപ്പിക്കുന്ന രഞ്ജിനിയൊടുക്കം അയാളെ കപടലോകത്തുനിന്നും മോചിപ്പിക്കുന്നിടത്ത് കഥയവസാനം..
മനോഹരമായ ഗാനങ്ങൾ കൊണ്ട് സമ്പന്നം. വൃത്തിയുള്ള രംഗങ്ങൾ കൊണ്ട് സന്തുഷ്ടം. മികവുറ്റ വാച്യസമ്പൂർണ്ണ തിരക്കഥയിൽ നീതി പുലർത്തിയ അഭിനേതാക്കൾ.. സൂക്ഷ്മാഭിനയത്തിന്റെ കൃത്യതയാർന്ന പഠനം നൽകുന്നു അഹം.
മനോവിഭ്രാന്തിയുടെ കരിഞ്ഞ ചായങ്ങളിൽ കാഷായധാരിയാകുന്ന സിദ്ധാർത്ഥൻ സ്നേഹം നിഷിദ്ധമാകുന്ന മനസ്സുകളുടെ നേർചിത്രം.. അവിസ്മരണീയ ലാൽഭാവങ്ങളുടെ അധികമാരും പാടിപ്പുകഴ്ത്താത്ത മറ്റൊരദ്ധ്യായം.. അഹം.
❣️