തലൈക്കോട്ട വാലിബൻ - വൈകി കണ്ട ഒരു മായിക കലാസൃഷ്ടി .
ചിത്രം ഇറങ്ങിയപ്പോൾ തന്നെ എങ്ങും മുഴങ്ങിക്കേട്ട നെഗറ്റീവ് കമൻറുകൾ മുഖേന വളരെ വൈകിയാണ് ചിത്രം ഇന്ന് തിയേറ്ററിൽ കണ്ടത്. യാതൊരു മുൻവിധികളും ഇല്ലാതെ ശാന്തനായി ആസ്വാദനത്തോടെ ഇരുന്നു കണ്ട ചിത്രം, പണ്ട് അമർചിത്ര കഥകളിലും അമ്പിളി അമ്മാവൻ ചിത്രകഥകളിലും കണ്ട സ്വപ്ന തുല്യമായ, വർണ്ണാഭമായ ഒരു കദന രീതി. പഴയകാല കാളവണ്ടിയും വസ്ത്രധാരണവും ജീവിതരീതികളും എല്ലാം വളരെ കലാപരമായി തന്നെ ഒരുക്കിയിരിക്കുന്നു. അതിമനോഹരമായ ഫ്രെയിമുകളിലൂടെ സഹ കഥാപാത്രങ്ങളും ജീവൻ തുടിച്ച് നമ്മുടെ മുന്നിലേക്ക് എത്തുന്നു. പ്രണയവും കളരിയും രാജ്യസ്നേഹവും പ്രതികാരവും ഒത്തുചേരുന്ന ഒരു കഥ പറച്ചിൽ. എത്രയോ മനുഷ്യരുടെ നിരന്തരമായ ഇടപെടലും കലാകായിക വിരുതുകളും ഈ ചിത്രത്തിന് മിഴിവേകിയിരിക്കുന്നു. പാട്ടും താളവും ദൃശ്യവും ഒന്നിനൊന്ന് ഇടചേർന്ന് മനോഹരമായി ഒഴുകുന്നു. ഒരുപക്ഷേ വിരോചിതമായ മോഹൻലാൽ സാഹസികത ഒന്നും അതിൽ കണ്ടെന്നുവരില്ല. പക്ഷേ ലിജോ ജോസിന്റെ വൈഭവത്തിൽ അഭ്രപാളിയിൽ ഒരുക്കിയ, ഒരു എണ്ണച്ചായ ചിത്രം പോലെ ഇത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കുറ്റം പറയുന്നവർക്ക് ഇത് ചെയ്തെടുക്കാൻ വേണ്ടുന്ന വൈഭവം ഉണ്ടെങ്കിൽ നന്നായിരുന്നു. കാലങ്ങൾ ഈ ചിത്രത്തെ ഒരു മികച്ച കലാസൃഷ്ടിയായി പരിഗണിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കുടുംബത്തോടും കുട്ടികളോടും ഒപ്പം പോയിരുന്നു കാണാൻ കഴിയുന്ന ഒരു മനോഹര ചിത്രം.